Skip to main content

ഒരു മൂന്നാർ യാത്രയിലെ അനുഭവങ്ങൾ (പാർട്ട്‌ 1)

മൂന്നാർ....,മലയാളികളുടെ വികാരങ്ങളിൽ ഒന്നാണ് ഇവിടം. ഇടുക്കി ജില്ലയിലെ ഒരു ചെറിയ പട്ടണമാണ് മൂന്നാർ. പ്രദേശികരും അന്യ സംസ്ഥാന ടൂറിസ്റ്റുകളും വിദേശികളും എല്ലാം ആഘോഷത്തോടെ ഒഴുകി എത്തുന്ന ഒരിടം. 2020 നവംബർ 13 വെള്ളിയാഴ്ച രാത്രി വീട്ടിൽ നിന്നും (തിരുവനന്തപുരം ) യാത്ര തുടങ്ങി.  ഒരു റോഡ് ട്രിപ്പ്‌ ആയിരുന്നു നമ്മുടെ പ്ലാൻ. എന്റെ കൂടെ ചേട്ടൻ കൂടി ഉണ്ടായിരുന്നു. ഞങ്ങൾ രാത്രി കൃത്യം 11 മണിക്ക് യാത്ര തുടങ്ങി. കറിലോ ബൈക്കിലൊ ഒന്നുമല്ല നമ്മുടെ സ്വന്തം ഡിയോ സ്കൂട്ടർ തന്നെ ആയിരുന്നു നമ്മുടെ പടക്കുതിര.

വീട്ടിൽ നിന്നും ഏകദേശം 280 ഓളം കിലോ മീറ്ററുകൾ സഞ്ചരിക്കണം മൂന്നാറിൽ എത്താൻ. കുറച്ചു റിസ്ക് പിടിച്ച യാത്ര ആണെങ്കിലും ആസ്വാദ്യമായി ആയിരുന്നു നമ്മുടെ യാത്ര. സ്കൂട്ടർ ആയത് കൊണ്ട് തന്നെ ഇഴഞ്ഞിഴഞ്ഞു ആയിരുന്നു യാത്ര. ഇടയ്ക്കു ചങ്ങനാശ്ശേരി വെച്ച് ഒരു തട്ടുകടയിൽ നിന്നും ഇഡ്ഡലി യും സാമ്പാറും ചൂട് ചായയും തട്ടി യാത്ര തുടർന്നു. കോട്ടയവും, പാലയും കടന്നു ഗൂഗിൾ മാപ്പ് ഏതോ വഴിയൊക്കെ കൊണ്ടുപോയി കോതമംഗലം ടൌൺ കഴ്ഞ്ഞുള്ള ഒരു ജംഗ്ഷനിൽ കൊണ്ടിറക്കി. അടിമാലി ലക്ഷ്യമാക്കി യാത്ര തുടർന്നു കൊണ്ടിരുന്നു. ചുരപാതകൾ കയറി മൂന്നാർ ലക്ഷ്യമാക്കി യാത്ര തുടർന്നു. കുറച്ചു  നേരത്തെ  യാത്രയ്ക്കൊടുവിൽ ചീയിപ്പാറ വെള്ളച്ചാട്ടം  കാണാനിടയായി. തികച്ചും  മനോഹരമായ ഒരു  കാഴ്ച  തന്നെയായിരുന്നു  ആ വെള്ളച്ചാട്ടം. ഏഴു  തട്ടുകളായി  ആണ്  ചീയപ്പാറ വെള്ളച്ചാട്ടം  കാണാൻ കഴിയുന്നത്. നിറയെ  സഞ്ചാരികൾ മൂന്നാർ യാത്ര  മധ്യേ  ഈ മനോഹര കാഴ്ച  കാണാൻ നിൽക്കുന്നുണ്ട്. അവരെയും  പിന്നിലാക്കി  യാത്ര  തുടർന്നു. അടുത്ത്  നമ്മളെ  കാത്തിരുന്നത്  വളറ വെള്ളച്ചാട്ടം  ആയിരുന്നു. റോഡിൽ നിന്നും നോക്കിയാൽ വനത്തിനു ഉള്ളിലായി കാണാൻ കഴിയുന്ന ഒരു വെള്ളച്ചാട്ടം ആണ് വാളറ വെള്ളച്ചാട്ടം.  കാണാനും വ്യത്യസ്തമാണ് ഈ വെള്ളച്ചാട്ടം.  മൂന്നാർ ലക്ഷ്യമാക്കി പോവുന്നതിനിടെ കണ്ട അതി മനോഹരമായ വെള്ളച്ചാട്ടങ്ങളെയും കടന്ന് ഞാൻ യാത്ര തുടർന്നു.  കുറച്ചു സമയത്തെ യാത്രയ്‌ക്കൊടുവിൽ നമ്മൾ അടിമാലി ടൗണിൽ എത്തി.  നല്ല ക്ഷീണിച്ചിരുന്നു അപ്പോഴേക്കും നമ്മൾ.  ഒരു ബേക്കറി യിൽ നിന്നും മിനറൽ വാട്ടർ വാങ്ങി കുടിച് മുഖം കഴുകി ഫ്രഷ് ആയി യാത്ര തുടർന്നു.
യാത്ര പള്ളിവാസൽ എത്തി നിന്നു കിടിലൻ കാഴ്ചകൾ ആസ്വദിച്ചു. ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി ഉള്ള കൂറ്റൻ പൈപ്പ് ലൈനുകൾ, അതിനെ ചുറ്റിപ്പറ്റിയുള്ള കാഴ്ചകൾ എല്ലാം മനോഹരം ആയിരുന്നു. അവിടൊക്കെ നിന്നു നിറയെ ഫോട്ടോകൾ എടുത്ത ശേഷം യാത്ര തുടർന്നു.
വഴിമധ്യെ ഗൂഗിൾ മാപ്പ് ഒരു പണി തന്നു. മെയിൻ റോഡിൽ നിന്നും മാറി നമ്മളെ മറ്റേതോ വഴിയിലൂടെ നയിച്ചു. കുത്തു കയറ്റങ്ങൾ ഉള്ള ആ പ്രദേശത്തുകൂടി നമ്മുടെ സ്കൂട്ടർ കിതച്ചു കിതച്ചു നീങ്ങി ഒടുവിൽ വണ്ടി ഓഫ്‌ ആയി. ഒരു കൂറ്റൻ കയറ്റം നമ്മൾ വണ്ടിയെ തള്ളി കയറ്റേണ്ടി വന്നു. മെയിന് റോഡിലേക്ക് വണ്ടി ഉന്തി എത്തിച്ച ശേഷം കിതപ്പു മാറ്റാൻ കുറച്ചു നേരം റോഡരികിൽ ഇരുന്നു വിശ്രമിച്ചു.
വീണ്ടും യാത്ര തുടങ്ങി.  ചുര പാതകളിലൂടെ വണ്ടി കയറി കയറി ഒടുവിൽ മനോഹരമായ മൂന്നാർ കാഴ്ചകൾ വന്നുതുടങ്ങി.  തേയിലപ്പാടങ്ങളും അവ തിങ്ങി നിൽക്കുന്ന കുന്നിൻപുറങ്ങളും താഴ്വാരങ്ങളും കണ്ടു തുടങ്ങി.  അത്യന്തം ആവേശത്തിലായി നമ്മൾ. ഒരു ചെറിയ പാലവും കടന്ന് നമ്മൾ മൂന്നാർ ടൗണിൽ പ്രവേശിച്ചു.  മനോഹരമായ യൂക്കാലി മരങ്ങൾക്കു എതിർവശത്തായി ksrtc മൂന്നാർ ഡിപ്പോ കാണാനായി.  റോഡിലൂടെ ഒരു പശുക്കൂട്ടത്തെയും നയിച്ചു ഒരു കർഷകൻ വരുന്നത് കണ്ടു.  അവിടെ നിന്നും കുറച്ചു മുന്നോട്ടു പോയി റിപ്പിൽ ടീ യുടെ ഒരു ഫാക്ടറി ഔട്ട്ലെറ്റ് കടന്ന് ഒരു പാലവും കടന്ന് നമ്മൾ ബുക്ക്‌ ചെയ്തിരുന്ന ഹോട്ടൽ നു മുന്നിൽ എത്തി.  മൂന്നാർ ഇൻ എന്നായിരുന്നു ഹോട്ടൽ ന്റെ പേര്. 800 രൂപയ്ക്കു ഒരു കിടിലൻ റൂം. മുറിയിലെത്തി ഒരു കുളി പാസ്സാക്കി ഒരുറക്കം... (തുടരും )
❤❤❤❤
മൂന്നാർ യാത്രയിലെ ആദ്യ ഭാഗം യൂട്യൂബിൽ കാണുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യൂ.
😊



Comments